#Top Four

നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടും; മകള്‍ക്ക് ആശ്രിത നിയമനം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിലാണ് നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്നതിന് പിന്നാലെ നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

നവീന്‍ ബാബുവിന്റെ മരണത്തില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചിരുന്നു. കുടുംബം ആവശ്യപ്പെട്ട ജനുവരി മുതലുള്ള സിഡിആറിന്റെ വിവരം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള സിഡിആര്‍ വിവരങ്ങളാണ് ഹാജരാക്കിയിരുന്നത്. ജനുവരി മുതലുള്ള സിഡിആര്‍ വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് കേസ് ജൂണ്‍ ഒന്നിലേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു. കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്.

നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. കേസിലെ ഏക പ്രതിയായ പി പി ദിവ്യയുടെ ഔദ്യോഗിക ഫോണ്‍ നമ്പറിലെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം ദിവ്യയുടെ സ്വകാര്യ നമ്പറിലെ വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചിരുന്നത്. പ്രശാന്തന്‍ ഗോള്‍ഡ് ലോണ്‍ എടുത്താണ് നവീന്‍ ബാബുവിന് കൈക്കൂലിയായി പണം നല്‍കിയതെന്ന ആരോപണത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ചും നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പ്രശാന്തന്‍ എത്തി എന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *