ഇനി വീടുപൂട്ടിപോകുമ്പോള്‍ പോലീസിനോട് വിവരം പറയണം
കോഴിക്കോട്: വേനലവധിക്കാലമാണ്, ഏവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന സമയമായതിനാല്‍ ഈ സമയങ്ങളില്‍ മോഷണം കൂടുതലായി നടക്കാറുണ്ട്. ഈ വേളയില്‍ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീട് പൂട്ടി പോകുന്നവര്‍ വിവരം അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറിയിച്ചാല്‍ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണമുള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.
വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാന്‍ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘LOCKED HOUSE’ സൗകര്യം വിനിയോഗിക്കാവുന്നതാണ്. അതിനാല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതുമാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































