ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. നിയമപരിശോധനകള്‍ ആരംഭിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഹണി എം വര്‍ഗീസിന്റേതാണ് ഉത്തരവ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നാണ് ഗണ്‍മാന്‍മാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവര്‍ത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗണ്‍മാന്‍മാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയര്‍ത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന്, മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഗണ്‍മാന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































